Saturday, May 4, 2013

ബാല്യകാലസഖി-ഒരു നിരൂപണം

സാഹിത്യവിഭാഗം-നോവല്‍
രചന-വൈക്കം മുഹമ്മദ്‌ ബഷീര്‍

     വായിച്ചിട്ടുള്ള പുസ്തകങ്ങളില്‍ ഏറെ ആകര്‍ഷിച്ചിട്ടുള്ള ഒരു കൃതിയാണിത്.മനസ്സിന്‍റെ കോണിലെവിടെയോ ഒരാത്മ നൊമ്പരമായി അത് ഇന്നും അവശേഷിക്കുന്നു.ബഷീറിന്റെ 
ഈ മാസ്റ്റര്‍പീസില്‍ ലാളിത്യത്തിന്റെ ജീവസ്സും ഹൃദയരക്തതിന്റെ ഹ്രുദ്യതയും സമ്മേളിച്ചിരിക്കുന്നു.
ഈ പുസ്തകത്തിന്റെ ഇതിവൃത്തം കഥാകാരന്റെ തന്നെ ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന് എം.പി. പോൾ എഴുതിയ അവതാരികയിൽ നിന്നും വ്യക്തമാണ്. അതിപ്രകാരമാണ് "ബാല്യകാല സഖി ജീവിതത്തിൽ നിന്നു വലിച്ച് ചീന്തിയ ഒരു ഏടാണ്.വക്കിൽ രക്തം പൊടിഞ്ഞിരിയ്ക്കുന്നു."
       
    കഥാന്ത്യത്തില്‍ എല്ലാ പ്രശ്നങ്ങളെയും അതിജീവിച്ച് ഒത്തു ചേരുന്ന കമിതാക്കളെ നാം പല നോവലുകളിലും കണ്ടിട്ടുണ്ട്.എന്നാല്‍ ബഷീറിന്‍റെ 'ബാല്യകാലസഖി' ഇവിടെ വേറിട്ട്‌ നില്‍ക്കുന്നു.

   സുഹറയും മജീദും ആദ്യകാലത്ത് ബദ്ധവൈരികളായിരുന്നു.മാങ്ങാ കൊതിച്ചിയായിരുന്ന സുഹറയ്ക്ക് മജീദ്‌ മാങ്ങപറിച്ചു കൊടുക്കുന്നതോടെ അവര്‍ ബാല്യകാലസഖിമരാവുന്നു.പിന്നീട് കമിതാക്കളും.പക്ഷെ വിധി അവര്‍ക്കായി കാത്തു വെച്ചത് മറ്റൊന്നായിരുന്നു."ശ്രീ ഭൂവിലസ്ഥിരം" എന്ന് ഈ നോവല്‍ പലപ്പോഴും ഓര്‍മപ്പെടുത്തുന്നു.പിച്ചളചെല്ലത്തില്‍ നിന്നും പുകയിലയെടുത്തു നീട്ടിത്തുപ്പി രസിച്ചിരുന്ന മജീദിന്റെ ബാപ്പ ഇത്തിരി പുകയിലയ്ക്ക് ഉമ്മയെ പറഞ്ഞയക്കുന്നതും,മാനത്തോളം ഉന്നതമായ സങ്കല്‍പ്പ സൗധത്തില്‍ രാജകുമാരിയുമൊത്ത് വിഹരിക്കുന്ന സ്വപ്‌നങ്ങള്‍ കണ്ടിരുന്ന മജീദ്‌ ഹോട്ടലിലെ എച്ചില്‍ പാത്രങ്ങള്‍ കഴുകുന്നതും ദയനീയമായ നിമിഷങ്ങളാണ്.

  മജീദും സുഹറയും പള്ളിക്കൂടത്തില്‍ പഠിക്കുന്ന കാലം.
"ഒന്നും ഒന്നും കൂട്ടിയാല്‍ എത്രയാടാ"?എന്ന് മാസ്റ്റര്‍ മജീദിനോട്‌.
"ഇമ്മിണി ബല്യ ഒന്ന്".ഉടന്‍ വന്നു മറുപടി.

കണക്കിലെ ആ പുതിയ തത്വം കണ്ടെത്തിയതിനു അന്ന് മുഴുവന്‍ മജീദിനെ ബെഞ്ചില്‍ കയറ്റി നിര്‍ത്തി.

ബഷീര്‍ ഇവിടെ നമ്മെ പഠിപ്പിക്കുന്നത് ജീവിതഗണിതമാണ്‌...രണ്ടു ചെറിയ നദികള്‍ ചേര്‍ന്നാല്‍ ഇമ്മിണി ബല്യ ഒരു നദിയാണല്ലോ ഉണ്ടാവുക.

  നിരവധി സാമൂഹ്യ പ്രശ്നങ്ങള്‍ ഈ നോവല്‍ കൈകാര്യം ചെയ്യുന്നു.മിടുക്കിയായിട്ടും ദാരിദ്ര്യം മൂലം തുടര്‍ന്ന് പഠിക്കാനാവാത്ത സുഹറ ഇന്ത്യയിലെ ഒട്ടനവധി നിരക്ഷര ബാലികമാരുടെ പ്രതീകമാണ്.മനോഹരമായ ആഖ്യാന ശൈലിയാണ് നോവലിന്റെ മറ്റൊരു "പ്ലസ്‌ പോയിന്റ്".അന്ന്  വരെ നമ്മുടെ സാഹിത്യത്തിനു അജ്ഞാതമായിരുന്ന മുസ്ലിം സമൂഹത്തിന്റെ ജീവിതം ഹ്രദയ ദ്രവീകരണക്ഷമമായ രീതിയില്‍ 'കഥകളുടെ സുല്‍ത്താന്‍' അവതരിപ്പിച്ചിരിക്കുന്നു.'എന്റെ വാക്കാണെന്റെ ഭാഷ' എന്നുറക്കെ പ്രഖ്യാപിച്ച ബഷീര്‍ തന്നെയാണോ ഇത്ര ലളിതമായി അച്ചടി ഭാഷയില്‍ എഴുതിയത് എന്ന സംശയം സ്വാഭാവികമാണ്.ഐ.പി പോളിന്റെ വാക്കുകള്‍ കടമെടുത്താല്‍ "മലയാള നോവല്‍ സാഹിത്യത്തിലെ കിടയറ്റ നോവല്‍ ".
    

No comments:

Post a Comment